ഫോർട്ടുകൊച്ചി : ഇ-പോസ് മെഷീനുകൾ പ്രവർത്തനരഹിതമായതിനെതുടർന്ന് റേഷൻ വിതരണം മുടങ്ങിയതോടെ ജനം വലഞ്ഞു. രാവിലെ മുതൽ ഇ-പോസ് മെഷീനുകൾ പ്രവർത്തനരഹിതമായതാണ് റേഷൻ വിതരണ സ്തംഭനത്തിനിടയാക്കിയത് . ഇതേതുടർന്ന് പലയിടങ്ങളിലും റേഷൻ കടയുടമകളും കാർഡുടമകളും തമ്മിൽ തർക്കത്തിനിടയാക്കി.
പലരും കാർഡു പതിക്കാതെ അരി ഉല്പന്നങ്ങൾ ആവശ്യപ്പെട്ടതായും ഇതാണ് തർക്കങ്ങൾക്ക് ഇടയാക്കിയതെന്നും റേഷൻ വ്യാപാരി സംഘടനാ ഭാരവാഹികൾ പറഞ്ഞു.
കഴിഞ്ഞ ആറു മാസത്തിനകം ഇത് മൂന്നാം തവണയാണ് റേഷൻ വിതരണം മുടങ്ങുന്നത്. ഇന്നലെ ഉച്ച കഴിഞ്ഞ് മൂന്നോടെ തകരാർ പരിഹരിച്ചുവെങ്കിലും തുടർന്നും പല മേഖലയിലും ഇ-പോസ് മെഷീനുകൾ മെല്ലെപ്പോക്ക് തുടർന്നു. മാസത്തിന്റെ 20 ദിവസം പിന്നിട്ടിട്ടും സംസ്ഥാനത്തെ റേഷൻ വിതരണ തോത് 50 ശതമാനത്തിലും താഴെയാണെന്നാണ് കടയുടമകൾ ചൂണ്ടിക്കാട്ടുന്നത്. ഇടയ്ക്കിടെയുള്ള സ്തംഭനങ്ങൾ കൂടുതൽ പ്രതിസന്ധിക്കിടയാക്കുന്നു.
ഞായറാഴ്ച റേഷൻ കടകൾ അവധിയായതിനാൽ ഇന്നലെ നിരവധിപേർ റേഷൻ വാങ്ങാൻ എത്തിയിരുന്നു. പലരും മണിക്കൂറുകളോളം കാത്തിരുന്നുവെങ്കിലും അരി ലഭിക്കാതെ മടങ്ങി . ഇ- പോസ് മെഷിനും ആധാർ കാർഡ് വിരലടയാള സ്കാനിംഗ് സംവിധാനവും ഒരുമിപ്പിക്കുന്ന സെർവർ ബന്ധം വിച്ഛേദിച്ചതാണ് റേഷൻ വിതരണം സ്തംഭനത്തിനിടയാക്കിയതെന്നാണ് വിശദീകരണം.